സ്പെയിന്: ലാലിഗയിൽ സെൽറ്റ വിഗോയോട് ഹോം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോയിന്റ് പട്ടികയിലെ രണ്ടാമൻമാരായ റയലിനെ സെൽറ്റ വിഗോ അട്ടിമറിച്ചത്.
മത്സരത്തിന്റെ 54-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോൾ സ്കോർ ചെയ്ത സെൽറ്റയുടെ വില്ലിയറ്റ് സ്വീഡൻബർഗ് ആണ് റയലിന് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ചത്.
ഫെറൻ ഗാർഷ്യയും അൽവാരോ കരേരാസും ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. ഹോം ഗ്രൗണ്ടിലെ തോൽവി റയലിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്.
ചിരവൈരികളായ ബാഴ്സലോണയുമായുള്ള ലീഗിലെ കിരീട പോരാട്ടത്തിൽ തോൽവിയോടെ റയലിന് തിരിച്ചടിയേറ്റു. നിലവിൽ 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 40 പോയിന്റും റയലിന് 36 പോയിന്റുമാണ്. നാല് പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.
മറ്റ് മത്സരങ്ങളിൽ എൽച്ചെ 3-0ന് ജിറോണയെയും എസ്പാനിയോൾ 1-0ന് റയോ വാല്ലെക്കാനോയെയും പരാജയപ്പെടുത്തി. വാലൻസിയ- സെവില്ല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.